ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സാമൂഹ്യചരിത്രം
ഈ പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്തായി സ്ഥിതിചെയ്യുന്ന ഏതാനും കൃഷിസ്ഥലം പൂച്ചച്ചിറ എന്ന പേരില്‍ അറിയപ്പെടുന്നു. കൂടുതല്‍ സമതലങ്ങളും സാമാന്യം ഉയര്‍ന്ന പ്രദേശങ്ങളും നിറഞ്ഞ, പ്രകൃതി രമണീയമായ ഈ പഞ്ചായത്തിലെ പരമ്പരാഗതമായുള്ള മുഖ്യകൃഷികള്‍ തെങ്ങ്, കവുങ്ങ്, നെല്ല്, വാഴ, കുരുമുളക്, വെറ്റില തുടങ്ങിയവയാണ്. വളരെ പരിമിതമായ നിലയില്‍ മാത്രമേ കൊപ്രയാട്ടല്‍, ചകിരിപൂഴ്ത്തല്‍ എന്നിവ ഇവിടെ ഉണ്ടായിരുന്നുള്ളു. മറ്റു പഞ്ചായത്തുകളില്‍ നിന്ന് തികച്ചും വ്യതസ്തമായ സാംസ്കാരികചരിത്ര പാശ്ചാത്തലം ഈ പഞ്ചായത്തിനുണ്ട്. സമീപപ്രദേശങ്ങളായ പരിയാപുരം, രായിരിമംഗലം, ഒഴൂര്‍, കല്‍പകഞ്ചരി, മേല്‍മുറി, അനന്താവൂര്‍, കന്‍മനം, പൊന്മുണ്ടം താനാളൂര്‍, നിറമരുതൂര്‍, തലക്കാട്, വെട്ടം, പച്ചാട്ടിരി, മംഗലം, തൃക്കണ്ടിയൂര്‍, ഇരിങ്ങാവൂര്‍, ക്ളാരി ചേന്നര, തൃപ്രങ്ങോട്, പള്ളിപ്പുറം, പുറത്തൂര്‍ എന്നീ അംശങ്ങളടങ്ങിയ വെട്ടത്തുനാട് ഭരിച്ചിരുന്ന വെട്ടത്തുരാജാവിന്റെ കോടതി, ജയില്‍, പോലീസ്സ്റ്റേഷന്‍ എന്നിവ, വെട്ടത്ത് പുതിയങ്ങാടിയില്‍ സ്ഥിതിചെയ്യുന്ന ഇന്നത്തെ ഗവ.ഗേള്‍സ് ഹൈസ്ക്കൂള്‍ കെട്ടിടത്തിലായിരുന്നു. ആഴ്ചച്ചന്തകള്‍ മാത്രം നിലവിലുണ്ടായിരുന്ന അക്കാലത്ത്, ആദ്യമായി ഒരു അങ്ങാടി വെട്ടത്ത് നാട്ടില്‍ നിലവില്‍ വന്നത്, വെട്ടത്ത് പുതിയങ്ങാടി എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന സ്ഥലത്താണ്. കേരളത്തിന്റെ തനതും ലോകപ്രശസ്ത കലയുമായ കഥകളിയില്‍, അവതരണത്തിലും സംഗീതത്തിലും വേഷവിധാനത്തിലും പല പരിഷ്കാരങ്ങളും നടപ്പിലാക്കിയ കലാഹൃദയനായ ഭരണാധികാരിയായിരുന്നു വെട്ടത്തുരാജാവ്. അദ്ദേഹത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു ഈ പഞ്ചായത്തിന്റെ ഹൃദയഭാഗമായ വെട്ടത്ത് പുതിയങ്ങാടി. ഈ ഗ്രാമത്തിനു തലക്കാട് എന്ന പേരു ലഭിച്ചതിന്റെ പിന്നില്‍ ചരിത്രാംശമുള്ളതെങ്കിലും വിചിത്രമായൊരു കഥ കേള്‍ക്കുന്നു. വെട്ടത്തു രാജാവ് വധശിക്ഷ നടപ്പാക്കിയിരുന്നത്, കഴുപ്പാടം എന്ന സ്ഥലത്തുള്ള കഴുമരത്തിലായിരുന്നു. വധശിക്ഷക്കു ശേഷം, “തലഅക്കരെ”യെന്ന് പറഞ്ഞ്, കുറ്റവാളിയുടെ ശിരസ്സ് തിരൂര്‍-പൊന്നാനി പുഴയില്‍ ഒഴുക്കുകയായിരുന്നു പതിവ്. അത്തരം തലകള്‍ പഞ്ചായത്തിന്റെ പടിഞ്ഞാറേയറ്റത്ത്, പുഴയുടെ കിഴക്കേക്കരയില്‍ വന്നടിയുമായിരുന്നു. അതുകൊണ്ടുതന്നെ ആ പ്രദേശം, തലക്കാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിന്റേയും ഈ പഞ്ചായത്തിന്റേയും അതിര്‍ത്തിയിലുള്ള പുഴയോരപ്രദേശം, അക്കാരണത്താല്‍ ഇന്നും തലേക്കരയെന്ന പേരില്‍ത്തന്നെയാണ് അറിയപ്പെടുന്നത്. രാജഭരണത്തിനു ശേഷം, പ്രസ്തുത പ്രദേശം ഉള്‍പ്പെടുത്തി രാജ്യഭരണസൌകര്യത്തിനായി രൂപീകൃതമായ അംശത്തിന് തലക്കാടംശം എന്ന് നാമകരണം ചെയ്യുകയും, പില്‍ക്കാലത്തുണ്ടായ വില്ലേജു പുന:സംഘടനയില്‍ തലക്കാടംശവും തെക്കന്‍ കുറ്റൂര്‍ അംശവും യോജിപ്പിച്ച് തലക്കാട് വില്ലേജ് നിലവില്‍ വരികയും, പ്രസ്തുത വില്ലേജിലെ മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെടുത്തി പിന്നീട് രൂപീകൃതമായ പഞ്ചായത്തിനു തലക്കാട് പഞ്ചായത്ത് എന്ന നാമകരണം ചെയ്യുകയുമുണ്ടായി. 1973 മേയ് 24-ന് അവസാന അനന്തരാവകാശിയും മരിച്ചതോടെ വെട്ടത്തുരാജവംശം അന്യം നിന്നുപോയി. നീതിന്യായ കോടതി, ജയില്‍, പോലീസ് സ്റ്റേഷന്‍ എന്നിവ ബി.പി.അങ്ങാടിയില്‍ നിന്നും 1910-ല്‍ തിരൂരിലേക്ക് സ്ഥലം മാറ്റം ചെയ്യപ്പെട്ട ശേഷം, അതേ വര്‍ഷം തന്നെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു എല്‍.പി.സ്ക്കുളും, പിന്നീട് നിലവില്‍ വന്ന മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ 1928-ല്‍ ഒരു യു.പി.സ്ക്കുളും, തുടര്‍ന്ന് 1939-ല്‍ ഹോസ്റ്റല്‍ സൌകര്യത്തോടുകൂടിയ സര്‍ക്കാര്‍ വക മുസ്ളീം ഗേള്‍സ് ഹൈസ്ക്കൂളും തല്‍സ്ഥാനത്ത് സ്ഥാപിക്കുകയുണ്ടായി. 1942-ല്‍ സ്ഥാപിച്ച വനിതകളുടേത് മാത്രമായ അധ്യാപക പരിശീലന കേന്ദ്രം മലപ്പുറം ജില്ലയുടെ ഡയറ്റായി(ഡി.ഐ.ഇ.റ്റി) രൂപാന്തരപ്പെടുകയുണ്ടായി. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന മറ്റൊരു വിദ്യാഭ്യാസ സ്ഥാപനം 1890-ല്‍ കോട്ടത്തറ നാലകത്ത് മൂസക്കുട്ടി മൊല്ലക്ക സ്വന്തമായി സ്ഥാപിച്ചതും, പിന്നീട് 75 സെന്റ് സ്ഥലത്തോടു കൂടി സര്‍ക്കാരിനു സൌജന്യമായി കൈമാറിയതും, 1904-ല്‍ പൂര്‍ത്തിയായതൂമായ കോട്ടത്തറ സ്ക്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബി.പി.അങ്ങാടി ജി.എം.യു.പി.സ്ക്കൂളാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു രാഷ്ട്രപതിയില്‍ നിന്നും താമ്രപത്രം ലഭിച്ച കോണോത്ത് പള്ളി മാലില്‍ കേളു നായര്‍, തെങ്ങുംതോട്ടത്തില്‍ കൃഷ്ണന്‍ (ഐ.എന്‍.എ.ഭടന്‍) എന്നിവരും, സ്വാതന്ത്ര്യസമര സേനാനികളായ ടി.കെ സൈദ് മുഹമ്മദ്, പരേതനായ കുന്നത്ത് പറമ്പില്‍ ആലി എന്നിവരും സ്വാതന്ത്ര്യസമരസേനാനിയും ചരിത്രപണ്ഡിതനും സാഹിത്യകാരനുമായ കെ.എന്‍.അബ്ദുറഹിമാന്‍ സാഹിബും, അധ്യാപകരംഗത്തെ പ്രശസ്തസേവനത്തിനു സംസ്ഥാന അവാര്‍ഡ് ലഭിച്ച ചുണ്ടയില്‍ പരമേശ്വരമേനോനും, കണ്ണത്തയില്‍ വാസു എന്ന അധ്യാപകനും, സംസ്കൃത അധ്യാപകനും പണ്ഡിതനുമായിരുന്ന വെള്ളാണിശ്ശേരി വാസുദേവന്‍മുസ്സതും, പ്രശസ്ത കവി മലയത്ത് അപ്പുണ്ണിയുമൊക്കെ ഈ നാട്ടില്‍ ജനിച്ചവരാണ്. ഈ പ്രദേശത്തെ ഉത്സവങ്ങളില്‍ പ്രധാനപ്പെട്ടതാണ് പുതിയങ്ങാടി “യാഹൂം തങ്ങള്‍ ഔലിയാ”യുടെ വലിയ നേര്‍ച്ച. അങ്ങാടി സ്വദേശികളായ പി.പി.അഹമ്മദും പരേതനായ വളപ്പില്‍ ഹംസയും കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെട്ടിരുന്ന വോളിബോള്‍ താരങ്ങളായിരുന്നു. 1960-കളില്‍ കെ.മുഹമ്മദലിയും, 70-കളില്‍ എം.കെ.അലിഅഹമ്മദും, എം.സൈനുദ്ദീനും അറിയപ്പെടുന്ന ഫുട്ബോള്‍ താരങ്ങളായിരുന്നു.
സാംസ്കാരികചരിത്രം
ഹിന്ദുക്കളും മുസ്ളീങ്ങളും മറ്റു മതവിഭാഗങ്ങളും സഹവര്‍ത്തിത്വത്തോടെ ഇടകലര്‍ന്നു ജീവിക്കുന്ന ഈ പഞ്ചായത്തില്‍ നിരവധി ആരാധനാലയങ്ങളുണ്ട്. പുതിയങ്ങാടിയില്‍ തെക്കും വടക്കുമുള്ള വലിയ ജുമാ മസ്ജിദുകള്‍, പുല്ലൂര്‍, കാഞ്ഞീരിക്കോല്‍, കട്ടച്ചിറ, തെക്കന്‍കുറ്റൂര്‍, വെങ്ങാലൂര്‍ പുക്കൈത, പൂഴിക്കുന്ന്, പുളിഞ്ചാട്, എന്നിവിടങ്ങളിലെ ജുമാ മസ്ജിദുകളും, മാങ്ങാട്ടിരിക്കോട്ട, കപ്പല്‍പടിക്കല്‍കോട്ട, അയ്യപ്പന്‍കാവ്, ചെറിയേരികാവ്, തലക്കാട്കാവ്, വെങ്ങാലൂര്‍, കുറ്റൂര്‍ പഴയടത്ത് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും, വടക്കന്‍കുറ്റൂര്‍, വെങ്ങാലൂര്‍ എന്നിവിടങ്ങളിലെ ഭഗവതി തറകളുമാണ് ഈ പഞ്ചായത്തിലെ പ്രധാന ആത്മീയകേന്ദ്രങ്ങള്‍. പുരാതന കലാരൂപങ്ങളായ പൂരക്കളി, തിറ, കള, കാവടിയാട്ടം എന്നിവ ക്ഷേത്രങ്ങളിലേയും കാവുകളിലേയും ഉത്സവങ്ങളില്‍ അരങ്ങേറാറുണ്ട്. വെട്ടത്ത് പുതിയങ്ങാടി “യാഹൂം തങ്ങള്‍ ഔലിയ”യുടെ, ജാറത്തിങ്ങല്‍ വര്‍ഷംതോറും ആഘോഷപൂര്‍വ്വം നടത്തിവരുന്ന 3 ദിവസത്തെ നേര്‍ച്ച ഈ പഞ്ചായത്തിലെ പ്രധാന ആഘോഷമാണ്. വളരെ പണ്ടുമുതലുള്ള ഒരു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നേര്‍ച്ചയുടെ ആദ്യവരവ് ഇന്നും ആരംഭിക്കുന്നത് തിരൂര്‍ കോടതി വളപ്പില്‍ നിന്നാണ്. ഈ പഞ്ചായത്തില്‍ എടുത്തു പറയേണ്ട മറ്റൊരു നേര്‍ച്ച കാഞ്ഞിരക്കോല്‍ ദേശത്തെ പാലക്കപ്പറമ്പില്‍ അന്തരിച്ച മൊയ്തീന്‍ ഔലിയയുടെ ജാറത്തിങ്ങലേതാണ്. വിഷചികിത്സയ്ക്ക് വിശ്വാസികളെത്തുന്ന പ്രസ്തുത ജാറവും കൊടിമരവും ഇന്നും നിലനില്‍ക്കുന്നു. ചരിത്രപണ്ഡിതനും സാഹിത്യകാരനുമായ കെ.എന്‍.അബ്ദുറഹിമാന്‍ സാഹിബും, അധ്യാപനരംഗത്തെ പ്രശസ്ത സേവനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ചുണ്ടയില്‍ പരമേശ്വരമേനോന്‍, കണ്ണത്തയില്‍ വാസു എന്നീ അധ്യാപകരും, സംസ്കൃത അധ്യാപകനും പണ്ഡിതനുമായിരുന്ന വെള്ളാണിശ്ശേരി വാസുദേവന്‍മുസ്സതും, പ്രശസ്ത കവി മലയത്ത് അപ്പുണ്ണിയും, പ്രസിദ്ധ മാപ്പിള കവി കടായിക്കല്‍ മൊയ്തീന്‍ കുട്ടി ഹാജിയും, കാദര്‍ഷാതറവാട്ടിലെ അംഗമായ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പി.പി.മുഹമ്മദ്ഷായും, സാഹിത്യരംഗത്തും, ചിത്രരചനാരംഗത്തും നിറഞ്ഞു നില്‍ക്കുന്ന അല്ലന്‍ പൂഴിക്കുന്നും, പ്രശസ്ത മാന്ത്രികന്‍ പ്രൊഫസര്‍ ആര്‍.കെ.മലയത്തുമെല്ലാം ഈ ഗ്രാമം ജന്മം നല്‍കിയവരെന്ന നിലയില്‍ ഈ പഞ്ചായത്തിന്റെ അഭിമാനങ്ങളാണ്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടും മുന്‍പു തന്നെ, കലാസാംസ്ക്കാരിക പ്രസ്ഥാനങ്ങക്കു ശക്തമായ വേരോട്ടമുണ്ടായ പ്രദേശമാണ് തലക്കാട്. 1950 കാലഘട്ടത്തില്‍ ഈ പഞ്ചായത്തില്‍ വെട്ടത്ത് നാട് കലാസമിതി എന്ന പേരില്‍ ഒരു സാംസ്കാരിക സമിതി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഹിന്ദുസ്ഥാനി സംഗീതവിദഗ്ധനും ആയിരക്കണക്കിനു ശിഷ്യഗണങ്ങളുണ്ടായിരുന്ന വ്യക്തിയായിരുന്നു പി.പി.മുഹമ്മദ്ഷാ. അതുപോലെ കലാരംഗത്തെ പ്രശസ്തനായിരുന്ന വിന്‍സെന്റ് മാസ്റ്റര്‍, മടായിക്കല്‍ മൊയ്തീന്‍കുട്ടി ഹാജി, കെ.പി.മമ്മു സാഹിബ്, ചരിത്രകാരനും സാഹിത്യകാരനുമായ കെ.എന്‍.അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവര്‍ ഈ പഞ്ചായത്തിന്റെ സാംസ്ക്കാരികരംഗത്തെ സമ്പുഷ്ടമാക്കിയവരാണ്. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന ഗ്രന്ഥശാലയാണ് മാങ്ങാട്ടിരിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീനാരായണഗുരു ഗ്രന്ഥശാല ആന്റ് വായനശാല.